

റായ്ഗഡ്: റായ്ഗഡിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് സർവകലാശാലയിലെ ജെ.ഐ.ടി (JIT) ഹോസ്റ്റൽ മുറിയിൽ പ്രിൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിനിയാണ് ഇവർ. ശനിയാഴ്ച രാത്രി 8:30-ഓടെ വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും പ്രിൻസി മറുപടി നൽകിയിരുന്നില്ല. പരിഭ്രാന്തരായ മാതാപിതാക്കൾ ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചു. വാർഡൻ എത്തി പരിശോധിച്ചപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.
ആദ്യ സെമസ്റ്ററിലെ അഞ്ച് വിഷയങ്ങളിൽ പ്രിൻസിക്ക് ബാക്ക്‌ലോഗ് (Backlog) ഉണ്ടായിരുന്നു. ഈ പരീക്ഷകളും രണ്ടാം വർഷത്തെ പരീക്ഷകളും ഒരേസമയം തയ്യാറെടുക്കേണ്ടി വന്നത് പെൺകുട്ടിയെ വലിയ മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് ഏറെ ഹൃദയഭേദകമാണ്. തന്റെ പഠനത്തിനായി മാതാപിതാക്കൾ വലിയ തുക ചെലവാക്കുന്നതിലുള്ള കുറ്റബോധം കത്തിൽ നിഴലിക്കുന്നുണ്ട്.
"ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല. എന്നെ പഠിപ്പിക്കാനായി നിങ്ങൾ ഒരുപാട് പണം ചെലവാക്കി."- ഇങ്ങനെ ആയിരുന്നു കുറിപ്പിൽ പറയുന്നത്.
അടുത്തിടെ സെമസ്റ്റർ ഫീസിനായി ഒരു ലക്ഷത്തോളം രൂപ പ്രിൻസി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയെങ്കിലും പഠനത്തിൽ നേരിട്ട തിരിച്ചടികൾ കുട്ടിയെ തളർത്തിയതായാണ് സൂചന.
പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പുഞ്ചിപാത്ര പോലീസ് കേസെടുത്ത് സഹപാഠികളുടെയും ഹോസ്റ്റൽ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്.