
പട്ന: ബീഹാറിലെ ചാന്ദി എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു(suicide). കോളേജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ സോനം കുമാരി(20) യ്ക്കാണ് ജീവൻ നഷ്ടമായത്.
വിദ്യാർത്ഥിയെ കോളേജ് പ്രിൻസിപ്പൽ ഡോ. ഗോപാൽ നന്ദൻ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. മാത്രമല്ല; മൂന്നാം നിലയിൽ നിന്ന് ചാടിയതിന് ശേഷം സോനം ഏകദേശം 30 മിനിറ്റോളം പരിക്കേറ്റ് കിടന്നിരുന്നതായും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കോളേജ് വാഹനം വിട്ടു നൽകാൻ ഡോ. ഗോപാൽ നന്ദൻ വിസമ്മതിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് കാമ്പസിൽ വൻ പ്രതിഷേധം ഉടലെടുത്തു. പ്രകോപിതരായ വിദ്യാർത്ഥികൾ ഡിഎസ്പിയുടെ ഔദ്യോഗിക വാഹനം തകർക്കുകയും ഒരു സ്കൂട്ടർ കത്തിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.