
ലഖ്നൗ: പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ലഖ്‌നൗ വിമാനത്താവളത്തില്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ 151 യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഡൽഹിയിലേക്ക് പോകാനായി പുറപ്പെട്ട ഇന്റിഗോ വിമാനം ആകാശത്തേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ടേക്ക് ഓഫിന് മുന്‍പ് റണ്‍വേയില്‍ നിര്‍ത്തി. അപകടം മുന്നില്‍ കണ്ട പൈലറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറാതെ എമര്‍ജന്‍സി ബ്രേക്ക് നല്‍കി വിമാനം പിടിച്ചുനിര്‍ത്തി.
വന്‍ ദുരന്തമാണ് ഒഴിവായത്. റണ്‍വേയുടെ അവസാനഭാഗത്തോട് അടുത്താണ് വിമാനം നിന്നത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെടാനുള്ള സാധ്യതയാണ് പൈലറ്റിന്റെ അടിയന്തിര ഇടപെടലിൽ ഇല്ലാതായത്. പിന്നീട് വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.
സമാജ്വാദി പാര്‍ട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു വിമാനത്തില്‍ എല്ലാ യാത്രക്കാരെയും ഡൽഹിയിലേക്ക് കൊണ്ടുപോയതായും വിമാന കമ്പനി അറിയിച്ചു.