ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിലെ മജൽട്ട ഗ്രാമത്തിൽ ഭീകരരുമായി ഉണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പോലീസ് സേനാംഗത്തിന് വീരമൃത്യു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടലാണ് പോലീസുകാരന്റെ ജീവനെടുത്തത്.(Encounter with terrorists in Udhampur, A policeman martyred )
ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീർ പോലീസും മറ്റ് സുരക്ഷാ സേനയും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ, ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരന് സുരക്ഷാ സേനയുടെ വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വെടിവയ്പ്പ് താൽക്കാലികമായി അവസാനിച്ചെങ്കിലും, പ്രദേശത്ത് സുരക്ഷാ സേനയുടെ കർശനമായ നിരീക്ഷണം തുടരുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരർ രക്ഷപ്പെടാതിരിക്കാൻ വനമേഖലയിലേക്കുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടിരിക്കുകയാണ്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടലിൽ പങ്കെടുത്തത് ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരരാണെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. ജമ്മു കശ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആരംഭിച്ച തിരച്ചിലിന് പിന്നാലെ ഭീകരർ വെടിയുതിർത്തതോടെ സൈന്യവും മേഖലയിലേക്ക് എത്തിയിരുന്നു.