നാരായൺപുർ : ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ രാമചന്ദ്ര റെഡ്ഡി, സത്യചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇവർക്ക് ഓരോരുത്തർക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്നു.സംഭവസ്ഥലത്ത് നിന്നും എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്പ്പിനൊടുവിൽ രണ്ട് പുരുഷ കേഡർമാരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു.