
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ അഞ്ച് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ ദന്തേവാഡ-നാരായണ്‍പൂര്‍ അതിര്‍ത്തിയിലുള്ള അബുജ്മത് വനത്തിലാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വളരെ ഇടതൂര്‍ന്ന വനപ്രദേശമാണിത്. ഇവിടുത്തെ വനങ്ങളില്‍ നക്സലൈറ്റുകള്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ദൗത്യസംഘം തിരച്ചിൽ നടത്തിയത്. ജില്ലാ റിസർവ് പോലീസ് സേനയും പ്രത്യേക സേനയും ഉൾപ്പെട്ട സംഘമാണ് തിരച്ചിൽ നടത്തിയത്. ആ സമയത്ത്, അവിടെ ഒളിച്ചിരുന്ന നക്സലൈറ്റുകൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വെടിവയ്പ്പ് നടന്നു, അതിൽ 5 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഈ വിവരം എസ്പി ഗൗരവ് റായ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുകയാണ്.