
റാഞ്ചി: പാളത്തിന് സമീപം ആന പ്രസവിക്കുന്നത് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ വിവരത്തെ തുടർന്ന് രണ്ട് മണിക്കൂർ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഇതിന് വനംവകുപ്പിനെയും റെയിൽവേ ഉദ്യോഗസ്ഥരെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത് (Elephant gives birth near railway tracks ).
ജാർഖണ്ഡിൽ ധാരാളം കൽക്കരി ഖനികൾ ഉണ്ട്. ബർഗാനയ്ക്കും ഹസാരിബാഗിനും ഇടയിലുള്ള ഇടതൂർന്ന വനത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൽക്കരി കൊണ്ടുപോകുന്ന ട്രെയിനുകൾക്കായി ഒരു റെയിൽവേ ട്രാക്ക് സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ പലപ്പോഴും ഈ വഴിയിലൂടെ വിഹരിക്കാറുണ്ട്.
ഇന്ന് പുലർച്ചെ, പ്രസവവേദനയിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപം ഒരു ഗർഭിണിയായ ആന ബുദ്ധിമുട്ടുകയായിരുന്നു. പ്രദേശത്തെ ഒരു വനം ഉദ്യോഗസ്ഥൻ ഇത് കണ്ട് റെയിൽവേ ഭരണകൂടത്തെ അറിയിച്ചു. ഇതേത്തുടർന്ന്, ആ റൂട്ടിലെ ചരക്ക് തീവണ്ടി ഗതാഗതം രണ്ട് മണിക്കൂർ നിർത്തിവച്ചു. പാളത്തിൽ കിടന്ന ആന പ്രസവിച്ച് മാറി. അമ്മയും കുട്ടിയും സുരക്ഷിതമായി പാളത്തിൽ നിന്ന് ഇറങ്ങിയതിനുശേഷം മാത്രമേ തീവണ്ടി ഓടിക്കാൻ അനുവദിച്ചുള്ളൂ.
ആനയ്ക്ക് പ്രസവിക്കാൻ വേണ്ടി രണ്ട് മണിക്കൂർ ട്രെയിൻ സർവീസുകൾ നിർത്തിവച്ച റെയിൽവേ ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിൽ പലരും പ്രശംസിക്കുന്നുണ്ട്.