
ബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതിക്കരം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് കര്‍ണാടക വൈദ്യുതി റെഗുലേറ്ററി കമീഷന് (കെ.ഇ.ആര്.സി). യൂനിറ്റിന് 36 പൈസ എന്ന നിരക്കിലാണ് വർധിപ്പിക്കുന്നത്. പെൻഷൻ, ഗ്രാറ്റുവിറ്റി ഇനത്തിൽ സർക്കാറിന്റെ വിഹിതം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ (കെ.ഇ.ആർ.സി) ഊർജ വിതരണ കമ്പനികള്‍ക്ക് (എസ്കോം) അനുവാദം നൽകിയതിന് പിന്നാലെയാണ് നടപടി. 200 യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധന ബാധകമെന്നും ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂനിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുമെന്നതിനാല്‍ സാധാരണ ജനങ്ങളെ നിരക്ക് വര്‍ധന ബാധിക്കില്ലെന്നും മന്ത്രി ശരണ്‍ പ്രകാശ് പട്ടേല്‍ പറഞ്ഞു.