

ന്യൂഡൽഹി: വിവാദമായ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിയുടെ വരുമാനത്തിൽ കുറവൊന്നുമില്ലെന്ന് കണക്കുകൾ. 2024-25 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ വരുമാനത്തിൽ 53 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 6,073 കോടി രൂപയാണ് ഈ വർഷം പാർട്ടിയുടെ ഖജനാവിലെത്തിയത്.(Electoral bond ban had no effect, Report says crores flowed to BJP)
ആകെ വരുമാനം 6,073 കോടി രൂപ (2024-25)യാണ്. മുൻവർഷം ഇത് 3,967 കോടി രൂപ ആയിരുന്നു. ഇലക്ടറൽ ട്രസ്റ്റുകൾ വഴി ലഭിച്ച 3,112 കോടി രൂപ. കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി സമാഹരിച്ച 2,961 കോടി രൂപ. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് ബിജെപിയുടെ ദാതാക്കളുടെ പട്ടികയിൽ മുന്നിലുള്ളത്.
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ആകെ സംഭാവനയുടെ 80 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. കോൺഗ്രസിന് 299 കോടി രൂപയാണ് ലഭിച്ചത്. മറ്റ് പാർട്ടികൾക്ക് ലഭിച്ചത് 400 കോടി രൂപ മാത്രമാണ്.