ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.(Election Commissioner pointed his finger at me and spoke, says Abhishek Banerjee)
കൂടിക്കാഴ്ചയ്ക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിയന്ത്രണം നഷ്ടപ്പെട്ട് തനിക്ക് നേരെ വിരൽ ചൂണ്ടി സംസാരിച്ചുവെന്ന് അഭിഷേക് ബാനർജി പറഞ്ഞു. കമ്മീഷണർ ക്ഷുഭിതനായി കയർത്തു സംസാരിച്ചതായും അദ്ദേഹം ആരോപിച്ചു.
"ഞാൻ പറയുന്നത് തെറ്റാണെങ്കിൽ യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ കമ്മീഷനെ വെല്ലുവിളിക്കുന്നു. ഗ്യാനേഷ് കുമാറിന് ധൈര്യമുണ്ടെങ്കിൽ മാധ്യമങ്ങളെ കണ്ട് ഇത് നിഷേധിക്കട്ടെ. ബംഗാളിലെ ജനങ്ങൾ തന്റെ അടിമകളാണെന്നാണോ അദ്ദേഹം കരുതുന്നത്?" - അഭിഷേക് ചോദിച്ചു.
കമ്മീഷണർ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണെങ്കിൽ താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നും, അദ്ദേഹത്തിന് യജമാനന്മാരോടും തനിക്ക് ജനങ്ങളോടുമാണ് മറുപടി പറയേണ്ടതെന്നും അഭിഷേക് ബാനർജി ഓർമ്മിപ്പിച്ചു.