ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൻ്റെ (Special Intensive Revision - SIR) ഷെഡ്യൂൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എസ്.ഐ.ആർ. നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യവ്യാപക എസ്.ഐ.ആറിനുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ ആരംഭിക്കും.( Election Commission announces first phase schedule of SIR)
1951 മുതൽ 2004 വരെ എട്ടു തവണയാണ് രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത്. ബീഹാറിൽ ആദ്യഘട്ട എസ്.ഐ.ആർ. വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബീഹാറിൽ ഈ വിഷയത്തിൽ ഒരു അപ്പീൽ പോലും ഉണ്ടായിട്ടില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
വോട്ടർമാർക്ക് ഓൺലൈനായും അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും.
രാഷ്ട്രീയ പാർട്ടികളുമായി എസ്.ഐ.ആർ. സംബന്ധിച്ച് സി.ഇ.ഒ.മാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജൻ്റുമാർക്കും (BLA) പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ അറിയിച്ചു.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നതിനാൽ, ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നൽകിയിരുന്നു. എന്നാൽ, തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്.ഐ.ആർ. അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണനയിലുണ്ടെന്ന് കമ്മീഷൻ ഉദ്യോഗസ്ഥരുടെ യോഗത്തെ അറിയിച്ചിരുന്നു.