ലക്നോ : ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ അഴുക്കുചാലിൽ വീണ് എട്ടുവയസുകാരി മരിച്ചു. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന അഫ്രീൻ എന്ന ബാലികയാണ് മരണപ്പെട്ടത്.
കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമായിരുന്നതിനാൽ കുട്ടി സ്ലാബിൽ കൂടിയാണ് നടന്നത്. കുറച്ച് ദൂരം നടന്ന കുട്ടി അബദ്ധത്തിൽ കോൺക്രീറ്റ് സ്ലാബ് ഇല്ലാതിരുന്ന ഭാഗത്തേക്ക് വീണ് അഴുക്ക് ചാലിൽ കൂടി ഒഴുകിപോവുകയായിരുന്നു.
50 മീറ്റർ ദൂരം ഒഴുകിയതിന് ശേഷമാണ് കുട്ടിയെ നാട്ടുകാർക്ക് രക്ഷിക്കാനായത്. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.