

ചെന്നൈ: മയക്കുമരുന്നുകേസിൽ പ്രതിയായ നടൻ ശ്രീകാന്തിനെ വീണ്ടും ചോദ്യംചെയ്യാനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സമൻസ് അയച്ചു. ഒക്ടോബർ 28-ന് ഹാജരാവാൻ ശ്രീകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. (Actor Srikanth)
എന്നാൽ, അസുഖമാണെന്നു പറഞ്ഞ് ശ്രീകാന്ത് എത്തിയില്ല. തുടർന്നാണ് 11-ന് ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചത്. ഇതേകേസിൽ പ്രതിയായ മറ്റൊരു നടൻ കൃഷ്ണ ഒക്ടോബർ 29-ന് ഇഡിക്കു മുന്നിൽ ഹാജരായിരുന്നു.
മയക്കുമരുന്ന് വിൽപ്പനയിൽ കള്ളപ്പണം ഇടപാടു നടന്നതായി ലഭിച്ച പരാതികളെത്തുടർന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ വാങ്ങിയെന്ന് തെളിവു ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റിലായത്. ഇതിന്‍റെ സാമ്പത്തികയിടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിരുന്നു.
കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർക്കു പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുൻഅംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തിയത്. ശ്രീകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും കൊക്കെയ്ൻ കണ്ടെടുത്തു.