ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഡൽഹി സർവ്വപ്രിയ വിഹാറിലെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിൽ വൻ ശേഖരം പിടികൂടി. ഇതുവരെ 5 കോടി രൂപ പണമായും 8.80 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. കൂടാതെ 35 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച രേഖകളും ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിട്ടുണ്ട്. നോട്ടുകൾ എണ്ണുന്ന നടപടി ഇപ്പോഴും തുടരുകയാണ്.(ED raids residence in Delhi, Rs 5 crore and jewellery worth Rs 8.80 crore seized)
ഈ റെയ്ഡിന്റെ കേന്ദ്രബിന്ദു ഇന്ദർജീത് സിങ് യാദവ് എന്ന വ്യക്തിയാണ്. ഇയാൾ നിലവിൽ യു.എ.ഇയിലാണെന്നാണ് സൂചന. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 15-ലധികം എഫ്.ഐ.ആറുകൾ ഇയാൾക്കെതിരെയുണ്ട്. കൊള്ളയടിക്കൽ, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, സാമ്പത്തിക തർക്കങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ട് വൻ കമ്മീഷൻ സമ്പാദിക്കൽ തുടങ്ങിയവയാണ് കുറ്റങ്ങൾ.
കോർപ്പറേറ്റ്-ധനകാര്യ സ്ഥാപനങ്ങൾക്കിടയിലുള്ള വായ്പാ ഒത്തുതീർപ്പുകൾക്കായി ഇയാൾ ഒരു ഓൺലൈൻ പോർട്ടൽ പ്രവർത്തിപ്പിച്ചിരുന്നു. ഗായകൻ രാഹുൽ ഫാസിൽപുരിയയുടെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പ്, സഹായി രോഹിത് ഷൗക്കീന്റെ കൊലപാതകം എന്നിവയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്.