
ന്യൂഡൽഹി: ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചത്.
ബി.ബി.സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിർദേശമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. 2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനുപിന്നാലെയാണ് ചാനലിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾക്കുള്ള 26 ശതമാനം പരിധി കമ്പനി ലംഘിച്ചെന്നാണ് ആരോപണം.
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ചാനലിന്റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബി.ബി.സി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. തുടർന്നാണ് ചാനല്‍ ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്.