ന്യൂഡൽഹി: ഓൺലൈൻ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ നടപടിയുമായി ഇഡി. മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, നടി മിമി ചക്രവർത്തി, നടൻ സോനു സൂദ് എന്നിവരുടെ ഉൾപ്പെടെ എട്ട് കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
യുവരാജ് സിംഗിന്റെ ഉടമസ്ഥതയിലുള്ള 'വൈഡബ്ല്യുസി (YWC) ഹെൽത്ത് ആൻഡ് വെൽനസ്' എന്ന കമ്പനിയുടെ 2.5 കോടി രൂപയുടെ സ്വത്താണ് ഇഡി പിടിച്ചെടുത്തത്. വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ഉത്തപ്പയുടെ സ്വത്തുക്കളും ഇഡി നടപടിക്ക് വിധേയമായി.മുൻ തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തി, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോനു സൂദ് എന്നിവരും പട്ടികയിലുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന വിവിധ ഓൺലൈൻ വാതുവയ്പ് ആപ്പുകൾക്ക് പ്രശസ്തരായ വ്യക്തികളെ ഉപയോഗിച്ച് പരസ്യം നൽകുകയും അതുവഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. ഇത്തരം ആപ്പുകളിൽ നിന്ന് പ്രതിഫലം വാങ്ങിയതും സാമ്പത്തിക ഇടപാടുകൾ നടത്തിയതുമാണ് ഈ താരങ്ങളെ ഇഡി നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന വിവിധ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ കണ്ടുകെട്ടൽ നടപടി. അന്വേഷണം കൂടുതൽ സിനിമ-കായിക താരങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.