മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ചോദ്യം ചെയ്യലിന് തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇ.ഡി.യുടെ നടപടി. ഇതോടെ, റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. ഇതുവരെ കണ്ടുകെട്ടിയ ആസ്തികളുടെ മൊത്തം മൂല്യം 9,000 കോടി രൂപയായി ഉയർന്നു.(ED attaches Anil Ambani's assets worth Rs 1400 crore)
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ട് (FEMA) പ്രകാരമുള്ള നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അനിൽ അംബാനിക്ക് ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ടുതവണ നോട്ടീസ് അയച്ചിട്ടും അദ്ദേഹം ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇ.ഡി. കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ജയ്പൂർ-രീംഗസ് ഹൈവേ പ്രോജക്റ്റിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായി ഇ.ഡി. ആരോപിക്കുന്നു. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായും 600 കോടി രൂപയിലധികം വരുന്ന ഒരു വലിയ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണ് ഈ ഇടപാടുകളെന്നും ഇ.ഡി. കരുതുന്നു. റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി ഇ.ഡി. അടുത്തിടെ 4,462 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ബാങ്ക് ലോൺ കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ (DAKC) ഏകദേശം 132 ഏക്കർ ഭൂമിയും ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ഇതിന് ഏകദേശം 7,545 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. 2010 നും 2012 നും ഇടയിൽ ഇന്ത്യൻ, വിദേശ ബാങ്കുകളിൽ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആർകോമും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് സി.ബി.ഐ. രജിസ്റ്റർ ചെയ്ത തട്ടിപ്പ്, ഗൂഢാലോചന കേസുകളുടെ പരിധിയിൽ വന്നത്. ഈ വായ്പാ അക്കൗണ്ടുകളിൽ അഞ്ചെണ്ണം പിന്നീട് ബാങ്കുകൾ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.