
ദ്വാരക എന്ന പരിശുദ്ധ നഗരം. ലോകമെങ്ങും ചൈതന്യം പകരുന്ന ശ്രീ കൃഷ്‌ണന്റെ പുണ്യനഗരിയാണ് ദ്വാരക. ദ്വാരകയുടെ ഓരോ തരി മണ്ണിനും പറയുവാൻ കാണും കൃഷ്ണ ഭക്തിയുടെ അചഞ്ചലമായ കഥകൾ. ഇവിടെ ഓരോ കല്ലിലും പതിഞ്ഞിരിക്കുന്നത് പുരാണകാലത്തെ യാദവചരിത്രവും ഭഗവാൻ കൃഷ്ണന്റെ ദിവ്യലീലകളുമാണ്. ദ്വാരകയിലേക്ക് യാത്ര പോകുന്ന ആരും തീർച്ചയായും ദർശിക്കേണ്ടൊരിടമാണ് ദ്വാരകാധീശ ക്ഷേത്രം (Dwarkadhish Temple)
ഗുജറാത്തിലെ ദ്വാരകയിൽ ഗോമതി നദി തീരത്തായി ശ്രീ കൃഷ്ണന് സമർപ്പിച്ചിട്ടുള്ള ഹൈന്ദവ ക്ഷേത്രമാണ് ദ്വാരകാധീശ. ജഗത് മന്ദിറെന്നും ക്ഷേത്രം അറിയപ്പെടുന്നു. ബദരീനാഥ്, രാമേശ്വരം, പുരി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം.
പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം, ബിസി 200 ലാണ് ക്ഷേത്രം പണിതീർക്കുന്നു. കൃഷ്ണന്റെ കൊച്ചുമകനായ വജ്രനാഭനാണ് ഹരിഗൃഹത്തിന് (കൃഷ്ണന്റെ വാസസ്ഥലം) മുകളിലായി ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പുനർനിർമിച്ചതായി കരുതപ്പെടുന്നു. കൃഷ്ണ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ദ്വാരക, മഥുര വിട്ടതിനുശേഷം കൃഷ്ണൻ 36 വർഷമാണ് ദ്വാരക ഭരിച്ചത്. ദിവ്യശക്തികളാൽ കടലിൽ നിന്ന് വീണ്ടെടുത്ത ഭഗവാൻ ശ്രീകൃഷ്ണന്റെ കൊട്ടാരം സ്ഥിതി ചെയ്ത സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ദ്വാരകയിലെ ഏറ്റവും പഴക്കം ചെന്ന ഘടനയെന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം നിജ മന്ദിർ അഥവാ യഥാർത്ഥ ക്ഷേത്രം എന്നും അറിയപ്പെടുന്നു.
ദ്വാരകാധീശ ക്ഷേത്രത്തിന്റെ ഏറെ ശ്രദ്ധേയമായ ഘടകം ക്ഷേത്രത്തിന്റെ രഹസ്യഭരിതമായ കാന്തികസ്വഭാവമാണ്. ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന വിഗ്രഹത്തിന് ഒരു കാന്തിക പ്രഭാവം ഉണ്ടെന്നും, ഇത് മറ്റ് ലോഹ വസ്തുക്കളെ അതിലേക്ക് ആകർഷിക്കുന്നുവെന്നുമാണ് ഐതിഹ്യം. ചുണ്ണാമ്പുകല്ലും മണലും കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തെ 72 തൂണുകളാണ് താങ്ങി നിർത്തുന്നത്. ക്ഷേത്രത്തിന് രണ്ടു രണ്ട് പ്രധാന കവാടങ്ങളാണ് ഉള്ളത്. പ്രധാന കവാടത്തെ മോക്ഷദ്വാര അഥവാ മോക്ഷത്തിന്റെ കവാടം എന്നും മറ്റൊന്നിനെ സ്വർഗ്ഗദ്വാര അഥവാ സ്വർഗ്ഗത്തിന്റെ കവാടം എന്നും വിളിക്കപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും തത്ത്വചിന്തകനുമായ വല്ലഭാചാര്യയുടെ ആചാരങ്ങളും ചിന്തകളും പിന്തുടരുന്ന ഒരു പുഷ്ടിമർഗ് ക്ഷേത്രമാണ് ഇവിടം. കൃഷ്ണന്റെ ഭക്തിക്കും കൃപയ്ക്കും ഊന്നൽ നൽകുന്ന ശുദ്ധദ്വൈത അല്ലെങ്കിൽ ശുദ്ധ അദ്വൈതവാദത്തിന്റെ തത്ത്വചിന്തയാണ് വല്ലഭാചാര്യർ പകർന്നു നൽകിയത്. പുഷ്തിമാർഗ് വിഭാഗത്തിന്റെ പ്രധാന ആസ്ഥാനമായ രാജസ്ഥാനിലെ നാഥദ്വാര ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് പ്രത്യേക ബന്ധം പുലർത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് കവി-സന്ന്യാസിമാരായ ആൾവാർമാർ മഹത്വപ്പെടുത്തിയ 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ദ്വാരകാധീശ ക്ഷേത്രം. ആദി ശങ്കരൻ, രാമാനുജൻ, മാധവാചാര്യ, നരസിംഹ മേത്ത തുടങ്ങിയ ഹൈന്ദവ സന്യാസിമാരുടെയും പണ്ഡിതരുടെയും കൃതികളിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുണ്ട്.