
ലക്നോ: ഉത്തർപ്രദേശിൽ വിവാഹചടങ്ങുകൾക്കിടെ നവവധു സ്വർണങ്ങളും പണവുമായി മുങ്ങി. ഗോരഖ്പുരിലെ ഭരോഹിയയിലെ ഖജ്നിയിലുള്ള ശിവക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. (wedding ceremony)
സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനായ കമലേഷ് എന്നയാളുടെ രണ്ടാം വിവാഹത്തിനിടെയാണ് സംഭവം നടന്നത്. യുവതിക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറയുന്നു. വെള്ളിയാഴ്ച നിശ്ചയിച്ച വിവാഹ ചടങ്ങുകൾക്കായി അമ്മയോടൊപ്പമാണ് യുവതി ക്ഷേത്രത്തിലെത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് കമലേഷും സ്ഥലത്തെത്തിയത്.
എന്നാൽ, ചടങ്ങുകൾ ആരംഭിച്ചപ്പോൾ ശുചിമുറിയിലേക്ക് പോയ യുവതി മുങ്ങുകയായിരുന്നു. ഇവരുടെ അമ്മയെയും പിന്നീട് ആരും കണ്ടില്ല. സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും സൗത്ത് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.