
തിരുപ്പതി: ലഡ്ഡു വിവാദത്തിനിടെ തിരുപ്പതി ക്ഷേത്രത്തിലേക്ക് പട്ടുവസ്ത്രങ്ങള്‍ കാണിക്കയായി നല്‍കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രഹ്മോത്സവത്തിന്‍റെ ആദ്യദിവസമാണ് വെള്ളിയാഴ്ച നായിഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചത്.
ഭാര്യയുടെ കൂടെയായിരുന്നു ക്ഷേത്രസന്ദര്‍ശനം. സ്വര്‍ണത്താലത്തില്‍ എത്തിച്ച വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ ഇരുവരും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവുവും അഡീഷണൽ ഇഒ വെങ്കയ്യ ചൗധരിയും നായിഡുവിനെ ശേഷവസ്ത്രം (വിശുദ്ധ വസ്ത്രം) നൽകി ആദരിച്ചു.
അതേസമയം ലഡ്ഡു വിവാദത്തിൽ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് കോടതി രൂപീകരിച്ചത്. സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക.