ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിക്കുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. മദ്യപിച്ച് വാഹനമോടിക്കുന്നവരോട് ഹൈദരാബാദ് പോലീസ് ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയിലെ കുർണൂലിൽ ബസിന് തീപിടിച്ച് 20 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം.(Drunken drivers are terrorists, says Hyderabad City Police Commissioner)
കുർണൂൽ അപകടത്തിൽ മദ്യലഹരിയിൽ ബൈക്കോടിച്ചയാളാണ് ദുരന്തമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയും തുടർന്ന് തീപിടിച്ച് 19 ബസ് യാത്രികരും ബൈക്ക് യാത്രികനുമടക്കം 20 പേർ മരിക്കുകയും ചെയ്തിരുന്നു.
"മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികളാണ്. അവരുടെ പ്രവൃത്തികൾ നമ്മുടെ റോഡുകളിലെ 'ഭീകരത'യിൽ ചെറുതൊന്നുമല്ലാത്തവയാണ്. 20 നിരപരാധികളുടെ ജീവൻ പൊലിഞ്ഞ കുർണൂലിലെ ബസ് അപകടം യഥാർഥത്തിൽ ഒരു അപകടമായിരുന്നില്ല. മദ്യലഹരിയിൽ ബൈക്കോടിച്ച ഒരാളുടെ അശ്രദ്ധയും നിരുത്തരവാദിത്തപരമായ പെരുമാറ്റവും കാരണമാണ് അത് സംഭവിച്ചത്. നമുക്ക് തടയാമായിരുന്ന ഒരു 'കൂട്ടക്കൊല'യായിരുന്നു അത്," സജ്ജനാർ പറഞ്ഞു.
"ഇതൊരു റോഡപകടമല്ല. നിമിഷങ്ങൾക്കുള്ളിൽ മുഴുവൻ കുടുംബങ്ങളെയും ഇല്ലാതാക്കിയ ക്രിമിനൽ പ്രവൃത്തിയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ബൈക്ക് യാത്രികനായ ബി. ശിവശങ്കർ മദ്യലഹരിയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുണ്ട്. മദ്യപിച്ച് വാഹനമോടിക്കാനുള്ള അയാളുടെ തീരുമാനം വലിയ ദുരന്തമായി മാറിയെന്ന് സജ്ജനാർ ചൂണ്ടിക്കാട്ടി.
2019-ൽ ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് വി.സി. സജ്ജനാർ. വാറങ്കലിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ മൂന്ന് പ്രതികളെയും സജ്ജനാരുടെ പോലീസ് സംഘം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.