തിരുപ്പതി: അതീവ സുരക്ഷാ മേഖലയായ തിരുപ്പതി ക്ഷേത്രത്തിൽ മദ്യലഹരിയിലെത്തിയ യുവാവ് ക്ഷേത്ര ഗോപുരത്തിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ കുടിതി തിരുപ്പതി ആണ് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്കൂറോളം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന ഇയാൾ, ഉള്ളിലെ തടി തൂണുകൾ വഴി ഗോപുരത്തിന് മുകളിൽ കയറുകയായിരുന്നു. ഗോപുരത്തിന് മുകളിലെ വിശുദ്ധ കലശങ്ങൾ ഇയാൾ വലിച്ചൂരി മാറ്റാൻ ശ്രമിച്ചതോടെയാണ് സുരക്ഷാ ജീവനക്കാർ സംഭവം ശ്രദ്ധിക്കുന്നത്.പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഏണികളും കയറുകളും ഉപയോഗിച്ച് സാഹസികമായാണ് ഇയാളെ താഴെയിറക്കിയത്.
യുവാവിന്റെ പരാക്രമത്തിൽ ഗോപുരത്തിലെ രണ്ട് വിശുദ്ധ കലശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.അതീവ സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാൾ എങ്ങനെ അകത്തുകയറി എന്നത് സംബന്ധിച്ച് തിരുപ്പതി ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിൽ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങുകൾ നടത്താനും സാധ്യതയുണ്ട്.