

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മാർച്ച് 31 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് നീണ്ടുനിൽക്കുന്ന വിപുലമായ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കും. നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ (NCORD) ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Drug-free India, Amit Shah to tighten restrictions)
മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും എതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു. മയക്കുമരുന്ന് ശൃംഖലയുടെ അടിത്തട്ടിലുള്ള ഇടപാടുകാർ മുതൽ ഉന്നത തലത്തിലുള്ള തലവൻമാർ വരെ എത്തുന്ന രീതിയിൽ അന്വേഷണം വ്യാപിപ്പിക്കണം.
മാർച്ച് 31-നകം എല്ലാ വകുപ്പുകളും ക്യാമ്പയിനായുള്ള വ്യക്തമായ കർമ്മപദ്ധതി തയ്യാറാക്കണം. സംസ്ഥാന പോലീസ് സേനകൾ ഇതിനായി പ്രത്യേക ദൗത്യസംഘങ്ങളെ നിയോഗിക്കണം.
2014 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്ത് ഏകദേശം 1.71 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകൾ വിവിധ ഏജൻസികൾ പിടിച്ചെടുത്തതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഈ കണക്കുകൾ ലഹരി മാഫിയയുടെ വ്യാപ്തിയാണ് തുറന്നുകാട്ടുന്നത്.