മുംബൈ: ഡോക്ടർ ഗൗരി ഗർജെ ആത്മഹത്യ ചെയ്ത സംഭവത്തിൽ മഹാരാഷ്ട്രാ മന്ത്രി പങ്കജ് മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റൻ്റായ ഭർത്താവ് അനന്ത് ഗർജെ അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെ വർളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാത്രിയാണ് ദന്ത വിഭാഗത്തിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഗൗരിയെ മധ്യ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Dr. Gauri Garge's suicide, Maharashtra minister's PA husband arrested)
കുടുംബപ്രശ്‌നങ്ങളെത്തുടർന്നാണ് ഗൗരി ജീവനൊടുക്കിയതെന്ന് പോലീസ് പ്രാഥമികമായി അറിയിച്ചെങ്കിലും, ഭർത്താവിൻ്റെ പീഡനമാണ് മരണകാരണമെന്നാണ് ഗൗരിയുടെ കുടുംബം ആരോപിക്കുന്നത്. ഈ വർഷം ഫെബ്രുവരി ഏഴിനാണ് ഇരുവരും വിവാഹിതരായത്.
മകളുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഭർത്താവ് അനന്ത് ഗർജെക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി ഭാര്യയുടെ കുടുംബം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും ഗർജെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു എന്നും പോലീസ് അറിയിച്ചു. ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.