
വിജയവാഡ: വിജയവാഡയിലെ ഗവർണർപേട്ടിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി(Double murder). ബുധനാഴ്ച പുലർച്ചെ റെസിഡൻഷ്യൽ ഏരിയയിലെ ഒരു തിയേറ്ററിന് സമീപമാണ് സംഭവം നടന്നത്. വിജയനഗരം ജില്ലയിൽ നിന്നുള്ള എം രാജു (25), ഗഡെ വെങ്കട്ട് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കാറ്ററിംഗ് ജോലികൾക്കായി വിജയവാഡയിലെത്തിയ ഇവർ തിയേറ്ററിനടുത്തുള്ള വാടക മുറികളിലാണ് താമസിച്ചിരുന്നത്.
ഇരുവരും ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്നുവെന്നും ജമ്മു കിഷോർ എന്ന ഗുണ്ടാസംഘവുമായി തർക്കത്തിൽ ഏർപെട്ടു. തുടർന്ന് ജമ്മു കിഷോർ ഇരുവരെയും കുത്തി കൊലപ്പെടുത്തിയതായാണ് വിവരം. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങൾ ആദ്യം കണ്ടത് നാട്ടുകാരാണ്.
തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ജമ്മു കിഷോറിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.