

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡൂൺ മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിനിരയാക്കിയ സംഭവത്തിൽ 9 എം.ബി.ബി.എസ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കോളേജ് ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കർശന നടപടി.
ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നൽകിയ പരാതിയിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സീനിയർ വിദ്യാർത്ഥികൾ ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് തന്നെ മർദ്ദിച്ചതായും നിർബന്ധിച്ച് മുടി മുറിപ്പിച്ചതായും വിദ്യാർത്ഥി ആരോപിച്ചു. കൂടാതെ കടുത്ത തണുപ്പത്ത് ഹോസ്റ്റലിന് പുറത്ത് കിടന്നുറങ്ങാൻ സീനിയേഴ്‌സ് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രധാന പ്രതികളായ 9 വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയ മറ്റ് 24 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി.കുറ്റക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി ഗൗരവം ബോധ്യപ്പെടുത്തി.
മാനസികമായും ശാരീരികമായും തളർന്ന വിദ്യാർത്ഥി ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പാളിനും പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്യാമ്പസിനുള്ളിൽ റാഗിംഗ് ഒരു തരത്തിലും അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരെ ഇനിയും കർശന നടപടികൾ തുടരുമെന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. ഗീത ജെയിൻ വ്യക്തമാക്കി.