ഡല്‍ഹി : രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിന് വ്യോമയാന മേഖല ഒരുങ്ങിനില്‍ക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ).യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താനും ടിക്കറ്റ് നിരക്ക് ന്യായമായി നിലനിർത്താനും ആണ് വിമാനക്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഡിജിസിഎ നിർദേശത്തെ തുടർന്ന് ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി വിന്യസിക്കും. ദീപാവലി സീസണിന് മുന്നോടിയായുള്ള ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനവ് തടയാനാണ് ഡി ജി സി എ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷമാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ, നവംബർ മാസങ്ങളിലായി ആയിരക്കണക്കിനു അധിക വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് വിമാനക്കമ്പനികളുടെ മറുപടി