
ന്യൂഡല്‍ഹി: ഏഷ്യാ കപ്പിൽ, ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിനെതിരെ ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ, ലോക്‌സഭയിൽ പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഉവൈസി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
"ബൈസാരനിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബാംഗങ്ങളോട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാൻ ആവശ്യപ്പെടാൻ മനസാക്ഷി നിങ്ങളെ അനുവദിക്കുന്നുണ്ടോ?... വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് പറഞ്ഞ് പാകിസ്താനിലെ 80 ശതമാനത്തോളം വെള്ളവും നമ്മള്‍ തടയുകയാണ്. ആ മത്സരം കാണാന്‍ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. കൊല്ലപ്പെട്ട 26 പേരെയും വിളിച്ച് ഓപ്പറേഷൻ സിന്ദൂരിൽ ഞങ്ങൾ പ്രതികാരം ചെയ്തുവെന്നും ഇനി നിങ്ങൾ പാകിസ്താനുമായുള്ള മത്സരം കാണൂവെന്ന് പറയാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോ? ഇതെല്ലാം ഖേദകരമായ കാര്യമാണ്..." - ഉവൈസി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളെക്കുറിച്ച് കേന്ദ്രം മറുപടി പറയണമെന്നും ഉവൈസി ആവശ്യപ്പെട്ടു. "പഹൽഗാമിൽ ആരാണ് ആക്രമണം നടത്തിയത്? നമുക്ക് 7.5 ലക്ഷം സൈനികരും ഒരു കേന്ദ്ര അർദ്ധസൈനിക വിഭാഗവുമുണ്ട്. ഈ നാല് എലികൾ എവിടെ നിന്നാണ് നമ്മുടെ ഇന്ത്യൻ പൗരന്മാരെ കൊന്നത്? ആരിലാണ് ഉത്തരവാദിത്തം ചുമത്തുക?" - അദ്ദേഹം ചോദിച്ചു.
2025 ലെ പുരുഷ ഏഷ്യാ കപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്താനുമടക്കം എട്ടു രാജ്യങ്ങളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, യുഎഇ, ഒമാൻ എന്നിവ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് ഗ്രൂപ്പ് ബിയിലുമാണ്.