

ഗുരുഗ്രാം: മദ്യലഹരിയിലായിരുന്ന സർക്കാർ ഡോക്ടർ തൻ്റെ സ്കോർപ്പിയോ എസ്‌യുവി ഉപയോഗിച്ച് സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുതെറിപ്പിച്ചു (Doctor Runs Over Delivery Agent in Gurugram). ദൗലതാബാദിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായ നവീൻ യാദവാണ് ഡെലിവറി ഏജന്റിനെ ഇടിച്ചുവീഴ്ത്തിയത്. ഗുരുഗ്രാം സെക്ടർ 93-ലെ ഹയാത്പൂരിലുള്ള സ്വിഗ്ഗി വെയർഹൗസിന് സമീപമാണ് സംഭവം നടന്നത്. പരിക്കേറ്റ ഡെലിവറി ഏജന്റ് ടിങ്കു പൻവാറിനെ ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾ സഞ്ചരിച്ചിരുന്ന കറുത്ത സ്കോർപ്പിയോ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്വിഗ്ഗി വെയർഹൗസിന് സമീപമുള്ള റോഡിൽ ഡെലിവറി ഏജന്റുമാർ എപ്പോഴും കൂട്ടംകൂടി നിൽക്കുന്നത് തന്നെ അലോസരപ്പെടുത്തുന്നു എന്ന കാരണത്താലാണ് ഡോക്ടർ ഇത്തരമൊരു അക്രമം കാട്ടിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. തൻ്റെ വാഹനത്തിന് പോകാൻ തടസ്സമുണ്ടാക്കുന്നു എന്നാരോപിച്ച് ടിങ്കുവിന്റെ ബൈക്കിൽ ഇയാൾ ആദ്യം ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഡോക്ടർ തന്റെ കാർ പിന്നോട്ടെടുത്ത് വീണ്ടും ടിങ്കുവിനെ ഇടിച്ചുതെറിപ്പിക്കുകയും ബൈക്കുകൾക്ക് മുകളിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ഈ ക്രൂരത വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
മറ്റ് ഡെലിവറി ഏജന്റുമാർ പ്രതിഷേധവുമായി എത്തിയപ്പോൾ അവരെയും വാഹനം ഇടിച്ചുതെറിപ്പിക്കാൻ ഡോക്ടർ ശ്രമിച്ചു. തുടർന്ന് സ്ഥലത്തുനിന്ന് ഇയാൾ വേഗത്തിൽ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഡോക്ടർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരമധ്യത്തിൽ നടന്ന ഈ അതിക്രമം പ്രദേശവാസികളെയും ഡെലിവറി തൊഴിലാളികളെയും ഒരുപോലെ രോഷാകുലരാക്കിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
A government doctor in Gurugram was arrested for allegedly running his SUV over a Swiggy delivery agent while under the influence of alcohol. The accused was reportedly annoyed by the presence of delivery agents near a warehouse and repeatedly hit the victim after a verbal confrontation. The police have registered a case of attempted murder against the doctor and seized his vehicle based on CCTV evidence.