വീഡിയോകോളിലൂടെ രോഗിയെ പരിശോധിച്ച് ഡോക്ടർ ; ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ ഗുരുതരവീഴ്ച |Fetal death

തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയായ കീര്‍ത്തിയാണ് ഡോക്ടര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
fetal death
Updated on

ഹൈദരാബാദ്: ഗര്‍ഭസ്ഥശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരണത്തിന് കാരണം ഡോക്ടറുടെ ചികിത്സാപിഴവെന്ന് പരാതിയുമായി യുവതി. തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയായ കീര്‍ത്തിയാണ് ഡോക്ടര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

പ്രസവവേദനയുമായി താന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിജയലക്ഷ്മി ആശുപത്രിയിയിലെ ഡോക്ടറായ അനുഷ റെഡ്ഡി വീഡിയോകോളിലൂടെയാണ് പരിശോധിച്ചത്. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് കീര്‍ത്തി ഗര്‍ഭിണിയായത്. ഇക്കഴിഞ്ഞ ഞായറാഴ്ച കഠിനമായ പ്രസവവേദന അനുഭവപ്പെട്ടതോടെ കീര്‍ത്തി ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നില്ല.

തുടർന്ന് വീഡിയോ, ഓഡിയോ കോളിലൂടെയാണ് ഡോക്ടര്‍ രോഗിയെ ചികിത്സിക്കാനുള്ള നിര്‍ദേശങ്ങള്‍ നഴ്‌സുമാര്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് നഴ്‌സുമാര്‍ ചികിത്സ നൽകി. മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയിൽ ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുത്തു. പിന്നീട് ഡോ. അനുഷ റെഡ്ഡി ആശുപത്രിയില്‍ എത്തി. അമിതമായ രക്തസ്രാവമുണ്ടായിട്ട് തന്നെ ഡോക്ടര്‍ പരിശോധിക്കുക പോലും ചെയ്തില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

നിലവില്‍ കീര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സാപ്പിഴവ് ആരോപിച്ച് കീര്‍ത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com