ഈറോഡ്: കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. വ്യാഴാഴ്ച ഈറോഡിൽ നടന്ന കൂറ്റൻ റാലിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം ഔദ്യോഗികമായി തുടക്കം കുറിച്ചു. ഡിഎംകെയെ 'ദുഷ്ടശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, തന്റെ പാർട്ടിയായ ടിവികെ രാഷ്ട്രീയത്തിലെ 'ശുദ്ധമായ ശക്തി'യാണെന്നും അവകാശപ്പെട്ടു.(DMK is evil power, TVK is pure, Vijay kicks off election campaign in Erode)
മുൻ മുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈ, എം.ജി.ആർ എന്നിവർ ആരുടെയും വ്യക്തിഗത സ്വത്തല്ലെന്നും അവരുടെ പേര് ഉപയോഗിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വിജയ് പറഞ്ഞു. ക്രമസമാധാനപാലനം, കൃഷി തുടങ്ങിയ നിർണ്ണായക മേഖലകളിൽ ഡിഎംകെ സർക്കാർ പൂർണ്ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇ വി റമസാമിയുടെ ജന്മനാടായ ഈറോഡ് തന്നെ പ്രചാരണത്തിന് തിരഞ്ഞെടുത്തത് രാഷ്ട്രീയ വിശ്വാസ്യത ഉറപ്പിക്കാനാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഡിഎംകെയെ പ്രധാന രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും പ്രഖ്യാപിച്ച ടിവികെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യങ്ങളുണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആവർത്തിച്ചു. മുൻ എഐഎഡിഎംകെ നേതാവ് കെ. സെങ്കോട്ടയന്റെ സാന്നിധ്യവും വിജയം ഗംഗലത്തിന് സമീപം നടന്ന ഈ റാലിക്ക് ആവേശം പകർന്നു. കഴിഞ്ഞ മാസമാണ് സെങ്കോട്ടയൻ വിജയിയുടെ പാർട്ടിയിൽ ചേർന്നത്.
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹമാണ് ഈറോഡിൽ ഒരുക്കിയിരുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ 1,300-ഓളം പോലീസുകാരെ വിന്യസിച്ചു. ഏകദേശം 35,000 പേരോളം പങ്കെടുത്ത റാലിയിൽ കർശന നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരുന്നത്.