ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവി ലഭിക്കുന്നതിനായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ (ഡി.കെ.) ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയാൻ താൻ സന്നദ്ധനാണെന്ന് ഡി.കെ. ശിവകുമാർ ഹൈക്കമാൻഡിനെ അറിയിച്ചു.(DK Shivakumar expresses anger over CM post)
ഒരു പദവിയിൽ ദീർഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡി.കെ. അഭിപ്രായപ്പെട്ടു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെയുള്ള പരോക്ഷ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറാം എന്ന മുൻ ധാരണ തെറ്റിച്ചതിൽ ഡി.കെയ്ക്ക് അമർഷമുണ്ട്.
എന്നാൽ, ഡി.കെ.യുടെ സമ്മർദ്ദ നീക്കങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാര്യമായ കുലുക്കമില്ല. മന്ത്രിസഭ പുനഃസംഘടനയ്ക്കുള്ള നീക്കം സിദ്ധരാമയ്യ ശക്തമാക്കിയിട്ടുണ്ട്. ഹൈക്കമാൻഡുമായുള്ള ചർച്ചകളിൽ നിലവിൽ സിദ്ധരാമയ്യക്കാണ് മേൽക്കൈ. ഡികെയ്ക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരം ഹൈക്കമാൻഡ് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കങ്ങൾ കോൺഗ്രസിനുള്ളിൽ കൂടുതൽ ശക്തമാവുകയാണ്.