
മധുരമില്ലാതെ ദീപാവലി ആഘോഷങ്ങൾ പൂർത്തിയാകാറില്ല. ദീപാവലിക്കു മധുരപലഹാരങ്ങള്‍ വിവിധ നിറത്തിലും പേരുകളിലും രൂപങ്ങളിലുമെല്ലാം നമുക്ക് ലഭ്യമാണ്. പ്രത്യേകിച്ചും ദീപാവലി വലിയ ആഘോഷമായ വടക്കേയിന്ത്യയില്‍ മധുരപലഹാരങ്ങള്‍ വിരലിലെണ്ണാവുന്നതിലും കൂടുതലുണ്ട്. കഴിയ്ക്കുവാനും സമ്മാനം നല്‍കുവാനുമെല്ലാം മധുരപലഹാരങ്ങളാണ് ദീപാവലിക്കു പലരും തെരഞ്ഞെടുക്കാറ്. മധുരം അധികം ഇഷ്ടമില്ലാത്തവര്‍ക്കു പോലും ഇവ കാണുവാന്‍ സന്തോഷം തന്നെയായിരിക്കും. ഇവയില്‍ ചിലത് മലയാളികള്‍ക്കും പരിചിതമായ മധുരങ്ങളായിരിക്കും. ജിലേബി നോര്‍ത്തിലും സൗത്തിലും ഒരുപോലെ ഉപയോഗിക്കുന്ന ഒരിനമാണ്. എന്നാല്‍ ഇവയുടെ സ്വാദും വലിപ്പവുമെല്ലാം അല്‍പം വ്യത്യാസപ്പെട്ടിരിക്കുമെന്നു മാത്രം. ചുവപ്പും മഞ്ഞയും നിറങ്ങളില്‍ ഇത് ലഭിക്കും. മൈദ, കടലമാവ്,പഞ്ചസാരപ്പാനി എന്നിവ കൊണ്ടുണ്ടാക്കുന്നതാണ് ജിലേബി. ഗുലാബ് ജാമൂന്‍ എല്ലാവര്‍ക്കും ഒരുപോലെ പരിചിതമായ ഒന്നാണ്. ഇത് ദീപാവലിക്കു മാത്രമല്ല, മിക്കപ്പോഴും പലരും ഉപയോഗിക്കുന്ന ഒന്നാണ്. ഈ ദിപാവലിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ചില മധുരപലഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ.
ദീപാവലി സ്പെഷൽ കേസരി
വായിലിട്ടാൽ അലിഞ്ഞുപോകുന്ന മധുര കേസരി.
ആവശ്യമായവ:
റവ–1 കപ്പ്
പഞ്ചസാര–2 കപ്പ്
നെയ്യ്–1 കപ്പ്.
ഏലക്കപ്പൊടി
പാൽ–2 കപ്പ്
മഞ്ഞ ഫുഡ് കളർ–1 നുള്ള്.
കശുവണ്ടി നുറുക്ക്, കിസ്മിസ്–1 വലിയ സ്പൂൺ വീതം.
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി കശുവണ്ടി–കിസ്മിസ് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് റവയിട്ട് നന്നായി വറുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. അൽപം പാലിൽ കലക്കിയ ഫുഡ് കളറും, ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി കൂട്ട് ഒരുവിധം കുറുകുമ്പോൾ വറുത്തുവച്ച കശുവണ്ടി–കിസ്മിസ് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. റവ മൂത്ത് മുറുകി തുടങ്ങുമ്പോൾ ഇറക്കിവച്ച് നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തി ഇഷ്ടമുള്ള ഷേപ്പിൽ വരഞ്ഞു വയ്ക്കുക.
ദീപാവലിക്ക് മധുരപ്രിയർക്ക് പ്രിയങ്കരം കാരറ്റ് ഹൽവ
ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് കാരറ്റ് ഹൽവ. കാരറ്റ് ഹൽവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
കാരറ്റ് - അര കിലോഗ്രാം
പാൽ - 1 കപ്പ്
പഞ്ചസാര - കാൽ കിലോഗ്രാം
നെയ്യ് -5 ടേബ്ൾ സ്പൂൺ
ഏലക്കാപൊടി - ഒരു നുള്ള്
അണ്ടിപരിപ്പ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഒരു ടേബ്ൾ സ്പൂൺ നെയ്യൊഴിച്ച് കാരറ്റ് ചെറുതായി വഴറ്റി എടുക്കുക. ഇതിൽ പാൽ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. പാൽ വറ്റുമ്പോൾ പഞ്ചസാര ചേർത്ത് ചെറുതീയിൽ ഇളക്കി കൊടുക്കുക. വഴണ്ടു വരുമ്പോൾ ബാക്കി നെയ്യ് കുറേശെ ചേർത്ത് നല്ലതു പോലെ ഇളക്കണം. ശേഷം അണ്ടിപരിപ്പും കിസ്മിസും ചേർത്ത് അലങ്കരിക്കാം. ഹൽവ തയ്യാർ.
ദീപാവലി സ്‌പെഷ്യൽ - മില്‍ക്ക് പേഡ
പേഡയുടെ ജനനം ഗുജറാത്തിലാണ് എന്നു വിശ്വസിക്കുന്നവരാണ് അധികവും. ഗംഗാനദീതടത്തിലാണ് പേഡയടക്കമുള്ള പലഹാരങ്ങൾ ജനിച്ചതെന്ന് ചരിത്രം പറയുന്നു. ഗംഗാനനദിയുടെ തീരത്തുള്ള ബംഗാളിലും ഇതേകാലത്താണ് ബർഫിയടക്കമുള്ള മധുര പലഹാരങ്ങൾ ഉപയോഗിച്ചു തുടങ്ങിയതത്രേ. ശരാശരി 3000 വർഷമാണ് പേഡയുടെ പ്രായം എന്നു ഭക്ഷണചരിത്രകാരൻമാർ പറയുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മിൽക്ക് പേഡ വളരെ രുചികരമായി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ:
നെയ്യ് - ¼ കപ്പ്
പൊടിച്ച പഞ്ചസാര - ½ കപ്പ്
പാൽ - ¾ കപ്പ്
പാൽപ്പൊടി - 1½ കപ്പ്
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
കട്ടിയുള്ള പാനിൽ നെയ്യ് ചേർത്തു ചെറിയ തീയിൽ ഉരുക്കുക. നെയ്യ് ഉരുകി കഴിഞ്ഞാൽ, പൊടിച്ച പഞ്ചസാര കുറേശ്ശെയായി ചേർത്തു നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ഉരുക്കിയ ശേഷം പാലും പാൽപ്പൊടിയും ഇടവിട്ട് ചേർത്തു കുറഞ്ഞ ചൂടിൽ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. പാൽപ്പൊടി കട്ട ഒന്നുമില്ലാതെ യോജിപ്പിച്ചെടുക്കുക.
ഇനി ഒരു നുള്ള് ഉപ്പു ചേർത്തു കട്ടിയാകുന്നത് വരെ (3-5 മിനിറ്റ്) വേവിക്കുക. അതിനുശേഷം മിശ്രിതം കൂടുതൽ കട്ടയാവാതിരിക്കാൻ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ഇത് ചെറുതായി ചൂടാറുമ്പോൾ, ഒന്ന് കുഴച്ചെടുക്കുക.
കൈകളിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ നെയ്യ് പുരട്ടി മാവിൽ നിന്ന് ഒരു ചെറിയ ഭാഗം എടുത്ത് ഒരു ബോൾ ആകൃതിയിൽ ഉരുട്ടിയെടുക്കുക, ഇനി ഡിസൈൻ ഉള്ള ഒരു ചെറിയ പാത്രം കൊണ്ട് ചെറുതായി ഒന്ന് അമർത്തി കൊടുക്കാം. ഇതുപോലെ ബാക്കിയുള്ളതും ചെയ്തെടുക്കാം. പൂർണ്ണമായും തണുത്തതിനുശേഷം കഴിക്കാവുന്നതാണ്.
ദീപാവലി സ്‌പെഷ്യൽ - മൈസൂര്‍ പാക്ക്
നന്മയുടെയും പ്രകാശത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമായ ദീപങ്ങളുടെ ഉത്സവമായ ദീപാവലി മധുര പലഹാരങ്ങളുടെ ഒരാഘോഷം കൂടിയാണ്. മധുരപ്രിയർക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് മൈസൂർ പാക്ക്. കുറച്ച് ചേരുവകൾ കൊണ്ട് വളരെ വേഗത്തിലുണ്ടാക്കാവുന്ന ഈ വിഭവം വീട്ടിലുണ്ടാക്കിയാലോ.
ചേരുവകൾ
കടലപ്പൊടി -1 കപ്പ്
പഞ്ചസാര -2 കപ്പ്
നെയ്യ് -1 1/2 കപ്പ്
ഓയിൽ /സൺഫ്ലവർ ഓയിൽ -1/2 കപ്പ്
വെള്ളം -1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി കടലപ്പൊടിയിട്ട് കുറഞ്ഞ തീയിൽ വച്ചു ഒരു മിനിറ്റ് ഒന്ന് വറുത്തെടുക്കുക. നിറം മാറുന്നതുവരെ വറുക്കരുത്. അതിനുശേഷം ചൂടാറാനായി മാറ്റി വക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഓയിൽ കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി ഇളക്കി ഒട്ടും കട്ടയില്ലാതെ കലക്കി എടുക്കുക.
വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്തിളക്കി മീഡിയം തീയിൽ വച്ചു നന്നായി അലിയിച്ചെടുക്കുക. ചെറുതായിട്ട് നൂൽ പരുവം ആകുന്ന സമയത്തു തന്നെ കലക്കി വച്ച കടലപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് 1/2 കപ്പ് നെയ്യ് ചേർത്തിളക്കി കാട്ടിയാകുന്നതുവരെ ഇളക്കിക്കൊടുക്കുക. കുറച്ചു കട്ടിയായിത്തുടങ്ങിയാൽ ഒരു 1/2 കപ്പ് നെയ്യ് ചേർത്ത് വീണ്ടും കുറുക്കി എടുക്കുക.
അതിലേക്കു വീണ്ടും ഒരു 1/2 കപ്പ് നെയ്യ് കൂടി ചേർത്ത് ഇളക്കി കട്ടി ആക്കി എടുക്കുക. കൂട്ട് കട്ടി ആയി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ തീ അണച്ചു നെയ്യ് തടവിയ ഒരു പത്രത്തിലേക്കു ചൂടോടു കൂടി മാറ്റി ലെവൽ ചെയ്തു വേണ്ട രൂപത്തിൽ കത്തി കൊണ്ട് ഒന്ന് വരഞ്ഞു വക്കുക.അതിനു ശേഷം നന്നായി തണുക്കാനായി വയ്ക്കുക. സ്വാദിഷ്ടമായ മൈസൂർ പാക്ക് തയാർ.