ഇന്ന് ദീപാവലി: സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ദിനം; ദീപാവലി ആഘോഷത്തിന്റെ നിറവിൽ രജ്യം | Diwali

തിന്മയുടെ മേൽ നന്മയുടെയും, അന്ധകാരത്തിന് മേൽ വെളിച്ചത്തിൻ്റെയും, അജ്ഞതയ്ക്ക് മേൽ അറിവിൻ്റെയും വിജയമാണ് ദീപാവലി
Diwali
Published on

ഇന്ന് ഇന്ത്യയൊട്ടാകെ പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ മേൽ നന്മയുടെയും, അന്ധകാരത്തിന് മേൽ വെളിച്ചത്തിൻ്റെയും, അജ്ഞതയ്ക്ക് മേൽ അറിവിൻ്റെയും വിജയമാണ് ദീപാവലി. മതാതീതമായ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം കൂടിയാണ് ഈ ദിനം. തുലാ മാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതാണ് ഉത്സവത്തിന്റെ അവസാന ദിവസമാണ് ദീപാവലി. (Diwali)

നന്മയുടെയും പ്രകാശത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമായ ദീപങ്ങളുടെ ഉത്സവം കൂടിയാണ് ദീപാവലി. മധുരപലഹാരങ്ങൾ, പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ എല്ലാം ചേർന്ന് ഈ ദിവസം ഒത്തുചേരലിന്റെ കൂടി ഉത്സവമാണ്. ദീപാവലിയുടെ ആഘോഷത്തിന് പിന്നിൽ നിരവധി പുരാണ കഥകളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തമായത്, 14 വർഷത്തെ വനവാസത്തിന് ശേഷം രാവണനെ പരാജയപ്പെടുത്തി ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ സന്തോഷ സൂചകമായി അയോധ്യയിലെ ജനങ്ങൾ മൺചിരാതുകൾ തെളിയിച്ച് അവർക്ക് വഴി കാട്ടിയെന്ന ഐതിഹ്യമാണ്. മറ്റൊരു ദിശയിൽ, മഹാലക്ഷ്മി ദേവിയെ ആരാധിക്കുന്ന ദിനം കൂടിയാണിത്. ദക്ഷിണേന്ത്യയിൽ, ശ്രീകൃഷ്ണൻ നരകാസുരൻ എന്ന അസുരനെ വധിച്ചതിൻ്റെ വിജയത്തിൻ്റെ ഓർമ്മയായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ കഥകൾ വൈവിധ്യമാണ്, എന്നാൽ ആഘോഷത്തിൻ്റെ അടിസ്ഥാനം ഒന്നുതന്നെയാണ്. വിജയം, സമാധാനം, പുതുജീവൻ എന്ന ആശയത്തിലേക്കാണ് ദീപാവലി വിരൽ ചൂണ്ടുന്നത്.

അഞ്ചുനാൾ ആഘോഷത്തിന്റെ ചടങ്ങുകൾ

ദീപാവലിക്ക് മുന്നോടിയായി, വീടുകളും കച്ചവട സ്ഥാപനങ്ങളും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നത് ഒരു പ്രധാന ആചാരമാണ്. അഞ്ചു ദിവസത്തെ ഈ ആഘോഷം ഓരോ ദിവസവും പ്രത്യേക ചടങ്ങുകളോടെയാണ് പൂർത്തിയാകുന്നത്. ആദ്യ ദിവസം ധൻതേരസ്, ഈ ദിവസം പുതിയ സാധനങ്ങൾ, പ്രത്യേകിച്ച് സ്വർണം, വെള്ളി, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു. രണ്ടാമത്തെ ദിവസം നരക ചതുർദശി, തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ അനുസ്മരിക്കുന്നാതാണ് ഈ ദിനം. മൂന്നാം ദിനമായ ലക്ഷ്മി പൂജ ആണ് പ്രധാന ദീപാവലി ദിനം, ഈ ദിനം മൺചിരാതുകൾ ഉപയോഗിച്ച് വീടുകൾ പ്രകാശപൂരിതമാക്കുന്നു, ലക്ഷ്മി-ഗണപതി പൂജയും നടത്തുന്നു. നാലാം ദിനം ഗോവർദ്ധൻ പൂജ അല്ലെങ്കിൽ പുതുവത്സരാരംഭമായി ആഘോഷിക്കുന്നു. അഞ്ചാമത്തെയും അവസാനത്തെയും ദിവസം ഭായ് ദൂജ് ആണ്. ഇത് സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധമാണ് ആഘോഷിക്കുന്നത്.

മധുരങ്ങളുടെ ഉത്സവമാണ് ദീപാവലി

ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരം വിളമ്പാതെ ദീപാവലി ആഘോഷങ്ങൾ പൂർണ്ണമാവില്ല. ദീപാവലിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവിധതരം മധുരപലഹാരങ്ങൾ ഈ സമയത്ത് വിപണിയിൽ സുലഭമാണ്. വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യമുള്ളതിനാൽ അവിടെ മധുരപലഹാരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. സമ്മാനങ്ങൾ നൽകുന്നതിനും മധുരമാണ് പ്രധാനം. മധുരത്തോട് താല്പര്യമില്ലാത്തവരെ പോലും ആകർഷിക്കുന്ന ഇവയിൽ ചിലത് മലയാളികൾക്കും പരിചിതമാണ്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും പ്രചാരത്തിലുള്ള ജിലേബി ഒരു ഉദാഹരണമാണ്. എന്നാൽ, ഇരു സ്ഥലങ്ങളിലും ഇതിൻ്റെ രുചിക്കും രൂപത്തിനും വ്യത്യാസമുണ്ട്. അതുപോലെ, ദീപാവലിക്ക് മാത്രമല്ല എല്ലാ കാലത്തും പ്രിയങ്കരമായ ഗുലാബ് ജാമൂനും മിക്കവർക്കും സുപരിചിതമാണ്.

Related Stories

No stories found.
Times Kerala
timeskerala.com