ന്യൂഡൽഹി: ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി രാജ്യത്തെ 15 പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ തിരക്കേറിയ സ്റ്റേഷനുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ നിയന്ത്രണം ഒക്ടോബർ 28 വരെ തുടരുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.
ഇളവുകൾ ആർക്കൊക്കെ?
പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും, ചില പ്രത്യേക വിഭാഗത്തിലുള്ള യാത്രക്കാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്:
പ്രായമുള്ളവർ, രോഗികൾ,കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ ഇവർക്ക് സഹായത്തിനായി വരുന്നവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ അനുവദിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
നിരോധനം ഏർപ്പെടുത്തിയ സ്റ്റേഷനുകൾ
പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വിൽപ്പന താൽക്കാലികമായി നിർത്തിവെച്ച പ്രധാന സ്റ്റേഷനുകൾ ഇവയാണ്:
ഡൽഹി മേഖല:
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ
ഡൽഹി റെയിൽവേ സ്റ്റേഷൻ
ഹസ്രത് നിസാമുദ്ദീൻ
ആനന്ദ് വിഹാർ ടെർമിനൽ
ഗാസിയാബാദ്
മുംബൈ, ഗുജറാത്ത് മേഖല:
ബാന്ദ്ര ടെർമിനസ്
വാപി
സൂറത്ത്
ഉധ്‌ന
ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ് (സി.എസ്.എം.ടി.)
ദാദർ
ലോകമാന്യതിലക് ടെർമിനസ് (എൽ.ടി.ടി.)
താനെ
കല്യാൺ
പൻവേൽ