ഹൈദരാബാദ്: തെലങ്കാനയിലെ വികാറാബാദിൽ നടുക്കുന്ന കൊലപാതകം. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 22-കാരിയായ അനുഷയെ ഭർത്താവ് പ്രമേഷ് കുമാർ പൊതുമധ്യത്തിൽ വെച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ആൾക്കൂട്ടം നോക്കിനിൽക്കേ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.(Dispute over dowry, husband beats wife to death in front of people in Telangana)
എട്ടുമാസം മുൻപായിരുന്നു അനുഷയും പ്രമേഷ് കുമാറും പ്രണയിച്ച് വിവാഹിതരായത്. എന്നാൽ വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തെച്ചൊല്ലി പ്രമേഷ് കലഹം തുടങ്ങിയിരുന്നതായി പോലീസ് അറിയിച്ചു. നിരന്തരമായ വഴക്കിനെത്തുടർന്ന് രണ്ട് ദിവസം മുൻപ് അനുഷ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇനി വഴക്കുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രമേഷ് വീട്ടിലെത്തി അനുഷയെ തിരികെ കൊണ്ടുവന്നതിന് പിന്നാലെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ബൈക്കിൽ നിന്നിറങ്ങിയ അനുഷയുടെ ജാക്കറ്റ് പ്രമേഷ് വലിച്ചൂരുകയും ബൈക്കിന് മുകളിലേക്ക് തള്ളിയിടുകയും ചെയ്തു. അയൽക്കാരി വീടിന്റെ താക്കോലുമായി എത്തിയ സമയത്താണ് പ്രമേഷ് കൂടുതൽ അക്രമാസക്തനായത്. താക്കോൽ വാങ്ങിയ ശേഷം അനുഷയെ കഴുത്തിന് പിടിച്ചു തള്ളുകയും വാതിൽ തുറക്കാൻ നിർബന്ധിക്കുകയും ചെയ്തു. അനുഷ താക്കോൽ വലിച്ചെറിഞ്ഞതോടെ പ്രമേഷ് മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു.
മർദനം തുടർന്ന പ്രമേഷ് സമീപത്തുണ്ടായിരുന്ന തടിക്കഷണവുമായി അനുഷയുടെ തലയിൽ ആറോളം തവണ നിരന്തരം അടിച്ചു. അയൽക്കാർ തടയാൻ ശ്രമിച്ചെങ്കിലും പ്രമേഷ് അവരെ വകവെക്കാതെ മർദനം തുടർന്നു. മർദനമേറ്റ് ഗുരുതരാവസ്ഥയിലായ അനുഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.