പട്‌ന : ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സഖ്യകക്ഷികള്‍ക്കിടയിലെ ചര്‍ച്ചകള്‍ പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിമുഖത കാണിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. നവംബര്‍ 20-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ജെഡിയുവും ബിജെപിയും സ്പീക്കര്‍ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബുധനാഴ്ച വൈകുന്നേരം പട്‌നയിലെത്തും. രാജ്നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് ഉന്നത ബിജെപി നേതാക്കളും നാളെ വൈകുന്നേരത്തോടെ പട്‌നയിലെത്തും.
ബിഹാറിൽ എന്‍ഡിഎയ മികച്ച വിജയമാണ് നേടിയത്. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 85 സീറ്റുകളുമായി ജെഡിയു തൊട്ടുപിന്നിലുണ്ട്. ചിരാഗ് പാസ്വാന്റെ പാര്‍ട്ടി, എച്ച്എഎം, ആര്‍എല്‍എം എന്നിവയുള്‍പ്പെടെയുള്ള ചെറിയ സഖ്യകക്ഷികളും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ജെഡിയു നേതാക്കൾ ന്യൂഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയിലുള്ള മന്ത്രിസ്ഥാനങ്ങളുടെ വിഭജനം, നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കല്‍ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷികളായ ബിജെപിയില്‍ നിന്നും ജെഡിയുവില്‍ നിന്നുമായി അഞ്ചോ ആറോ പുതുമുഖങ്ങള്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആറ് എംഎൽഎമാർക്ക് ഒരു മന്ത്രി എന്നതാണ് എന്‍ഡിഎയിലെ ധാരണ. ചെറുകക്ഷികളായ എച്ച്.എ.എം. ആര്‍എല്‍എം എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും. ഉപമുഖ്യമന്ത്രി പദവിക്ക് ചിരാഗ് പസ്വാന്‍ ശ്രമം നടത്തിയേക്കുമെന്നും വാർത്തകൾ ഉണ്ട്.