ലക്നൗ: 'അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണം' വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല. റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല. സൗകര്യം വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. റോഡിൽ നിസ്കാരം വിലക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് യോഗിയുടെ വിവാദ പരമായ മറുപടി.
പ്രയാഗ്‌രാജിലെ മഹാകുംഭമേള മതപരമായ അച്ചടക്കത്തിന്റെയും ചിട്ടയായ പെരുമാറ്റത്തിന്റെയും ഉദാഹരണമാണെന്ന് യോഗി ചൂണ്ടിക്കാട്ടി. "അക്രമമോ ഉപദ്രവമോ ക്രമക്കേടോ ഇല്ലാതെയാണ് 66 കോടി ഭക്തർ മഹാകുംഭ മേളയിൽ പങ്കെടുത്തത്. റോഡുകൾ നടക്കാൻ വേണ്ടിയുള്ളതാണ്. ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. പ്രയാഗ്‌രാജിൽ എവിടെയും കൊള്ളയടി ഉണ്ടായിരുന്നില്ല, എവിടെയും തീവയ്പ്പ് നടന്നില്ല, എവിടെയും പീഡനം ഉണ്ടായിരുന്നില്ല, എവിടെയും നശീകരണമില്ല, എവിടെയും തട്ടിക്കൊണ്ടുപോകലില്ല. ഇതാണ് മതപരമായ അച്ചടക്കം." യോഗി ആദിത്യനാഥ് പറഞ്ഞു.
‘‘അവർ ഭക്തിയോടെ വന്നു, മഹാസ്നാനത്തിൽ പങ്കെടുത്തു. തുടർന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങി. ഉത്സവങ്ങളും ആഘോഷങ്ങളും അല്ലെങ്കിൽ അത്തരം ഏതെങ്കിലും പരിപാടികൾ ധിക്കാരത്തിനുള്ള വേദിയായി മാറരുത്. നിങ്ങൾക്ക് സൗകര്യം വേണമെങ്കിൽ, ആ അച്ചടക്കം പിന്തുടരാൻ പഠിക്കണം’’ – യോഗി ആദിത്യനാഥ് പറഞ്ഞു.