
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനിലെ (ടിടിഡി) 18 അഹിന്ദു ജീവനക്കാർക്കെതിരെ നടപടി. കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ പവിത്രതയെയും വികാരങ്ങളെയും വിശ്വാസങ്ങളെയും ബാധിക്കുന്ന "ഹിന്ദു ഇതര മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം ടിടിഡി നടത്തുന്ന ഹിന്ദു മതപരമായ മേളകൾ, ഉത്സവങ്ങൾ, ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്ന" 18 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചു എന്നാണ് ടിടിഡി ബോർഡിന്റെ പ്രസ്താവനയിൽ പറയുന്നത്. ക്ഷേത്രത്തിലെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇവരെയെല്ലാം വിലക്കുകയും ക്ഷേത്രവുമായി ബന്ധമില്ലാത്ത സ്ഥാനങ്ങളിലേക്ക് സ്ഥലംമാറാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. (Tirupati temple)
ക്ഷേത്രങ്ങളുടെ ആത്മീയ പവിത്രതയും മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബോർഡ് അറിയിച്ചു. അഹിന്ദുക്കളായ ജീവനക്കാരെ സർക്കാർ വകുപ്പുകളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അവർ വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കുകയോവേണമെന്ന് ടിടിഡി ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു.