ഡൽഹി : ഇന്ത്യയും ചൈനയും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, കേന്ദ്ര വ്യോമയാന മന്ത്രാലയമോ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോ (ഡിജിസിഎ), പ്രസ് ഇൻഫർമേഷൻ ബ്യൂറോയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിർത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാൽവാൻ സംഘർഷവും തുടർന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകർച്ചയും കാരണം ഇതു തുടർന്നു.
ഓഗസ്റ്റ് 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പോകുന്നുണ്ട്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.2019ന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.