
ഡൽഹി : 1981-ൽ ദിഹുലിയിൽ 24 ദലിതരെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് വധശിക്ഷ.ഉത്തർപ്രദേശ് മെയിന്‍പുരിയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടിവിച്ചത്.
പ്രതികളായ കപ്താൻ സിംഗ്, രാംസേവക്, രാംപാൽ സിംഗ് എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചതിന് പുറമെ, കോടതിക്കുള്ളിൽ പൊട്ടിത്തെറിച്ച പ്രതികൾക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
1981-ല്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ദിഹുലി ഗ്രാമത്തില്‍ 24 ദലിതരെ വെടിവച്ചു കൊന്ന സംഭവം അക്കാലത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.അക്രമ ദിനം പൊലീസ് യൂണിഫോം ധരിച്ച 17 പേരടങ്ങുന്ന സംഘം ദിഹുലിയിലേക്ക് ഇരച്ചുകയറി. ഠാക്കൂർ വിഭാഗത്തിൽപ്പെട്ട രാധേശ്യാം സിംഗ് എന്ന രാധേയ്, സന്തോഷ് സിംഗ് എന്ന സന്തോഷ എന്നിവരുടെ നേതൃത്വത്തിൽ ദലിത് കുടുംബത്തെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ 24പേരാണ് അന്ന് കൊല്ലപ്പെട്ടത്.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 396 (കൊലപാതകവുമായി ബന്ധപ്പെട്ട കൊള്ള) വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊലപാതകക്കേസില്‍ ആകെ 17 പ്രതികളുണ്ടായിരുന്നു, അതില്‍ 13 പേര്‍ മരിച്ചു.