ന്യൂഡൽഹി: ആർ.എസ്.എസിന്റെ സംഘടനാ ശേഷിയെ പുകഴ്ത്തി സംസാരിച്ച ദിഗ്‌വിജയ് സിംഗിന്റെ നടപടി പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന പദവികൾ നൽകുന്ന ആർ.എസ്.എസ് രീതിയെ അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടിയതാണ് വിവാദത്തിന് കാരണമായത്.(Digvijaya Singh praises RSS, shares picture of Modi, Congress expresses Dissatisfaction)
എൽ.കെ. അദ്വാനിയുടെ കാൽചുവട്ടിലിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.എസ്.എസിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് പോലും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ സാധിക്കുന്നുണ്ടെന്നും ഇതാണ് ആ സംഘടനയുടെ കരുത്തെന്നും അദ്ദേഹം കുറിച്ചു.
സമാനമായ നിലപാട് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും അദ്ദേഹം ആവർത്തിച്ചു. കോൺഗ്രസിൽ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നും വെറും പി.സി.സി അധ്യക്ഷന്മാരുടെ നിയമനം കൊണ്ട് മാത്രം പാർട്ടിക്ക് താഴേത്തട്ടിൽ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
പരാമർശം വിവാദമാവുകയും പാർട്ടിയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിമർശനം കടുക്കുകയും ചെയ്തതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. താൻ എന്നും കടുത്ത ആർ.എസ്.എസ് വിരോധിയാണെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിനെ പുകഴ്ത്തുകയല്ല, മറിച്ച് സംഘടനാപരമായി കോൺഗ്രസ് ഇനിയും വളരേണ്ടതിന്റെയും ശക്തിപ്പെടേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.