ചെന്നൈ: ടി.വി.കെ ഭാരവാഹി യോഗത്തിൽ ആവേശകരമായ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വെളിപ്പെടുത്തി നടൻ വിജയ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുമ്പോൾ താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Didn't come into politics to be anyone's slave, says Actor Vijay)
എ.ഐ.എ.ഡി.എം.കെ നേരിട്ടും ഡി.എം.കെ രഹസ്യമായും ബി.ജെ.പിയുടെ അടിമകളായി മാറിയെന്ന് വിജയ് ആരോപിച്ചു. എന്നാൽ താൻ രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ 30 വർഷമായി തന്നെ പലരും വിലകുറച്ചു കാണുകയാണ്. അഴിമതി നടത്തി പണം സമ്പാദിക്കാൻ തനിക്ക് താല്പര്യമില്ല. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ പ്രധാന ലക്ഷ്യം. സഖ്യകക്ഷികൾ ഒപ്പമില്ലെന്ന പരിഹാസങ്ങൾക്ക് "തനിച്ച് നിന്നാലും ജയിക്കാൻ ശക്തിയുള്ള പടയാണ് ടി.വി.കെ" എന്നായിരുന്നു വിജയിയുടെ മറുപടി.
പാർട്ടിയുടെ ചിഹ്നമായി 'വിസിൽ' അവതരിപ്പിച്ചു. തന്റെ സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ട് "കപ്പ് മുഖ്യം ബിഗിലേ" എന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ വിസിലടിക്കുകയും ചെയ്തു.
തന്റെ പുതിയ ചിത്രമായ 'ജനനായകൻ' എന്ന സിനിമയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ നിന്ന് സമ്മർദ്ദമുണ്ടെന്ന വാർത്തകൾക്കിടെയാണ് "ആരുടെയും അടിമയാകില്ല" എന്ന വിജയിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരു 'ജനനായക പോര്' ആയിരിക്കുമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.