ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ‘ധുരന്ദറി’ന്റെ ട്രെയിലർ പുറത്ത്. മലയാളി താരം സാറാ അർജുന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ധുരന്ദർ’. വമ്പൻ ആക്ഷനുകളുമായി സ്പൈ ത്രില്ലർ ചിത്രമായാണ് ‘ധുരന്ദർ’ എത്തുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. (Dhurandhar)
ചിത്രത്തിലെ ആർ മാധവന്റെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയാണ് മാധവൻ ചിത്രത്തില്‍ എത്തുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സാറ അർജുന്റെ ഗ്ലാമറസ് മേക്കോവറും മുൻപ് ചർച്ചയായിരുന്നു. ചിത്രത്തിൽ സ്പൈ ആയാണ് രൺവീർ എത്തുന്നത് എന്നാണ് റിപ്പോർട്ട്.
'ഉറി ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആദിത്യ ധർ ആണ് ‘ധുരന്ദർ’ സംവിധാനം ചെയ്യുന്നത്. ശാശ്വന്ത് സച്ച്ദേവാണ് ചിത്രത്തിന്റെ സംഗീതം. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും