ബെംഗളൂരു: ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് ഷെട്ടി തിമരോടിക്ക് ആശ്വാസം. ധർമസ്ഥല വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹത്തെ നാടുകടത്താനുള്ള പോലീസ് ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. നാടുകടത്തൽ നിർബന്ധമാണെങ്കിൽ, എല്ലാ നിയമവശങ്ങളും പാലിച്ചുകൊണ്ട് 15 ദിവസത്തിനകം പുതിയ ഉത്തരവിറക്കാനാണ് കോടതി പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.(Dharmasthala case, Karnataka HC quashes Mahesh Shetty thimarody's deportation order)
ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ, തിമരോടി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയെത്തുടർന്ന് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. എസ്.ഐ.ടി. തുടർച്ചയായി നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഷെട്ടി തിമരോടി, ഗിരീഷ് മട്ടന്നവർ, ജയന്ത് ടി., വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നേരത്തെ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. തങ്ങൾ കേസിൽ വാദിയോ പ്രതിയോ അല്ലാതിരിക്കെ, 9 തവണ സമൻസ് അയച്ചുവെന്നും പത്താമത്തെ സമൻസ് ഒക്ടോബർ 27-ന് ലഭിച്ചുവെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.