ബെംഗളൂരു: ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.(Dharmasthala case, High Court lifts stay, SIT can continue investigation)
കേസിൽ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി., മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നേരത്തെ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്.
എസ്.ഐ.ടി. തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തും തങ്ങളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി പ്രത്യേകമായി നിർദ്ദേശിച്ചു.
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും തങ്ങൾക്ക് 9 തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും പത്താമത്തേത് ഒക്ടോബർ 27-ന് ലഭിച്ചെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെയാണെന്നും പരാതിയിലുണ്ടായിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്ന് നേരത്തെ വിമർശിച്ചിരുന്നു. തുടർന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് അന്വേഷണം തുടരാനുള്ള ഉത്തരവ് കോടതി നൽകിയത്. ഇതോടെ, കേസിൽ എസ്.ഐ.ടി.ക്ക് തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കും.