ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: DGCA അന്വേഷണം പ്രഖ്യാപിച്ചു | DGCA

ചില വിമാനങ്ങൾക്ക് ക്യാബിൻ ക്രൂ ലഭ്യമല്ലാത്തതിനാൽ റദ്ദാക്കേണ്ടി വന്നു
DGCA announces inquiry into mass cancellation of IndiGo and Air India flights
Updated on

തിരുവനന്തപുരം: ഇൻഡിഗോ, എയർ ഇന്ത്യ വിമാനക്കമ്പനികൾക്കെതിരെ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നുമായി ഇരു കമ്പനികളും നിരവധി സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. ഇൻഡിഗോ മാത്രം 150-ഓളം സർവീസുകളാണ് റദ്ദാക്കിയത്. ഇരു വിമാനക്കമ്പനികളുടെയും സർവീസുകൾ മുടങ്ങിയത് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.(DGCA announces inquiry into mass cancellation of IndiGo and Air India flights)

വിമാന സർവീസുകൾ റദ്ദാക്കിയത് സാങ്കേതിക വിഷയങ്ങൾ മൂലമാണെന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ കുറവാണ് പ്രധാന കാരണം. ചെക്കിൻ സോഫ്റ്റ്‌വെയറിലുണ്ടായ തകരാറ് എയർ ഇന്ത്യയുടെ വിമാന സർവീസുകളെ ബാധിച്ചതായും വിവരങ്ങളുണ്ട്. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഡിഗോയുടെ മൊത്തം സർവീസുകളിൽ 35 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം സർവീസ് നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച മാത്രം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ നിരവധി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം നിലവിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരുടെ പട്ടിക തയ്യാറാക്കേണ്ടതിനാൽ എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നതായാണ് സൂചന.

ചില വിമാനങ്ങൾക്ക് ക്യാബിൻ ക്രൂ ലഭ്യമല്ലാത്തതിനാൽ റദ്ദാക്കേണ്ടി വന്നു. ക്രൂവിനെ വിവിധ ബേസുകളിലേക്ക് അയച്ച് സർവീസുകൾ നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ക്ഷാമം കാരണം കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളത്. വിമാനങ്ങൾ 7 മുതൽ 8 മണിക്കൂർ വരെ വൈകുന്നുണ്ടെന്നും വിമാനത്താവള അധികൃതർ പറയുന്നു.

സാങ്കേതിക പ്രശ്‌നങ്ങൾ, വിമാനത്താവളത്തിലെ തിരക്ക് തുടങ്ങിയ വിവിധ കാരണങ്ങളാലാണ് കാലതാമസങ്ങളും റദ്ദാക്കലുകളും ഉണ്ടായതെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി. "പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ടീമുകൾ കഠിനമായി ശ്രമിക്കുന്നു. യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കും. തടസ്സങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു," വക്താവ് അറിയിച്ചു.

ആഭ്യന്തര വിപണിയുടെ 60% ലധികം വിഹിതമുള്ള ഇൻഡിഗോയുടെ ഈ പ്രശ്‌നങ്ങൾ വിമാനയാത്രക്കാരെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റിൽ (https://www.goindigo.in/check-flight-status.html) ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com