ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തിൽ കൊമേഡിയന്‍ കുനാല്‍ കമ്ര മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. കോമഡിക്ക് എതിരല്ലെന്നും എന്നാല്‍ ആരെയും അപമാനിക്കുന്നത് ശരിയല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരത്തിലുള്ള തരംതാണ കോമഡിയും ഉപമുഖ്യമന്ത്രിയെ അപമാനിക്കുന്നതും ശരിയല്ലെന്നും ഇത്തരം തമാശകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെയെ 'രാജ്യദ്രോഹി' എന്ന് പരിഹസിച്ച കുനാല്‍ കമ്രയ്ക്ക് മറുപടിയായി, 2024 ലെ തിരഞ്ഞെടുപ്പില്‍ ആരാണ് രാജ്യദ്രോഹി എന്നും ആരാണ് രാജ്യദ്രോഹി അല്ലാത്തതെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ കാണിച്ചുകൊടുത്തെന്ന് ഫഡ്നാവിസ് പറഞ്ഞു. ബാല്‍ താക്കറെയുടെ പാരമ്പര്യം ആര് മുന്നോട്ട് കൊണ്ടുപോകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഭരണഘടന കാണിച്ച് കമ്രക്ക് തെറ്റ് ന്യായീകരിക്കാന്‍ കഴിയില്ല. ഭരണഘടന നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ ഇത് തെറ്റാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ അതിക്രമിച്ചു കടക്കാന്‍ കഴിയില്ല. അതിന് അതിന്റേതായ പരിമിതികളുണ്ട്." - മുഖ്യമന്ത്രി പറഞ്ഞു.