ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജ വോട്ടുകൾ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ. നിലവിൽ രാഹുൽ ഗാന്ധിയുടെ രണ്ട് പരാതികൾ കമ്മീഷന് മുന്നിലുണ്ടെന്നും, അദ്ദേഹത്തിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.(Detailed reply will be given soon, Haryana Election Officer to Rahul Gandhi )
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെല്ലാം ഉൾക്കൊള്ളുന്ന രണ്ട് പരാതികൾ നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നുണ്ട്. രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ഈ പരാതികളോടൊപ്പം സമർപ്പിക്കണം. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ ഉണ്ടാകുമെന്നും ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങളാണ് താൻ പുറത്തുവിട്ടതെന്നും, 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നുമാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഹരിയാന സംസ്ഥാനം പൂർണമായും തട്ടിയെടുത്തതിന്റെ കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബിജെപി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.