
ബെംഗളൂരു: സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ത്വക്രോഗ വിദഗ്ധൻ അറസ്റ്റിൽ. സെൻട്രൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിൽ, 21-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ പ്രവീൺ (56) ആണ് അറസ്റ്റിലായത്. ഇയാളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് പരാതിക്ക് ആധാരമായ അതിക്രമം നടന്നത്. സാധാരണയായി പിതാവിനൊപ്പമാണ് യുവതി ക്ലിനിക്കിൽ പോകാറുണ്ടായിരുന്നത്. എന്നാൽ സംഭവദിവസം യുവതി ഒറ്റക്കാണ് എത്തിയത്.
പരാതിയിലെ ആരോപണങ്ങൾ
ത്വക്കിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന ഡോക്ടർ തന്നെ അനുചിതമായി സ്പർശിക്കുകയും മുപ്പത് മിനിറ്റോളം അത് തുടരുകയും ചെയ്‌തെന്ന് യുവതി പരാതിയിൽ പറയുന്നു.
എതിർക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ പലവട്ടം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.
പരിശോധനയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് സ്വകാര്യമായി സമയം ചെലവഴിക്കാൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്‌തതായും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബവും പ്രദേശവാസികളും ചേർന്ന് ക്ലിനിക്കിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, തന്റെ പ്രവൃത്തികൾ യുവതി തെറ്റിദ്ധരിച്ചതാണെന്നാണ് ഡോക്ടർ പ്രവീൺ പോലീസിന് നൽകിയ മൊഴി.